ചമ്പക്കുളം: കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയുടെ 1598-ാമത് ഇടവക ദിനാഘോഷങ്ങൾ 28നു നടക്കും. മാർ തോമാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽനിന്ന് എഡി 427ൽ ചമ്പക്കുളത്തെത്തിയ വിശ്വാസികളാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ഒരു ദേവാലയത്തിനു തറക്കല്ലിട്ടത്. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ദിനമായ ഡിസംബർ 28നാണ് ചമ്പക്കുളം കല്ലൂർക്കാട് പള്ളി കൂദാശചെയ്യപ്പെട്ടത്. ഇതിന്റെ ഓർമയായാണ് ഡിസംബർ 28ന് ഇടവക ദിനവും കുടുംബസംഗമവും നടത്തുന്നത്.
സീറോമലബാർ സഭയിലെ രണ്ടാം തലമുറ പള്ളികളിൽ രണ്ടാം സ്ഥാനത്താണ് ചമ്പക്കുളം പള്ളി. എഡി 105ൽ സ്ഥാപിതമായ കുറവിലങ്ങാട് പള്ളിയാണ് ഒന്നാമത്. ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും പുരാതനമായ ഈ ദേവാലയത്തെ 2016ൽ ഫ്രാൻസിസ് മാർപാപ്പയാണ് മൈനർ ബസിലിക്കയായി ഉയർത്തിയത്. കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകളായി കുട്ടനാടിന്റെ സാമുഹിക, സാംസ്കാരിക, മത സൗഹാർദ ഇടങ്ങളിലെല്ലാം തനതായ സ്ഥാനം നേടിയെടുക്കാൻ ഈ ദേവാലയത്തിനായി. നാല് നൂറ്റാണ്ടിലധികം പഴക്കമുള്ള ചമ്പക്കുളം മൂലം വള്ളംകളിയുടെ ആരംഭത്തിലും കല്ലൂർക്കാട് പള്ളിക്ക് വലിയ പങ്കുണ്ട്.
സിഎംഐ സന്യാസസഭ സഹസ്ഥാപകൻ പോരൂക്കര തോമാ മല്പാൻ, ആരാധന സന്യാസിനി സഭ സ്ഥാപകനും ചങ്ങനാശേരിയുടെ ആദ്യ തദ്ദേശീയ മെത്രാനുമായ ധന്യൻ മാർ തോമസ് കുര്യാളശേരി, സഹസ്ഥാപക മദർ മേരി ഷന്താൾ, സുറിയാനി സഭയിലെ ആദ്യ രക്തസാക്ഷി ഇക്കാക്കോ കത്തനാർ തുടങ്ങി നിരവധി ആത്മീയ വ്യക്തിത്വങ്ങളുടെ ജന്മംകൊണ്ട് അനുഗ്രഹീതമാണ് ഈ ഇടവക.
ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിലെ സുറിയാനി പള്ളികളുടെയെല്ലാം മാതൃദേവാലയമാണ് കല്ലൂർക്കാട് പള്ളി. മൂന്നു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള പള്ളിയാണ് ഇന്നത്തേത്. കേരളത്തിലെ മറ്റൊരു പള്ളിയിലും കാണാത്ത ചിത്ര-ശില്പ വേലകളാൽ സമ്പന്നമാണീ പള്ളി. കഴിഞ്ഞ പതിനാറ് നൂറ്റാണ്ടുകളിലായി നിരവധി വിദേശസഞ്ചാരികളും ചരിത്രപുരുഷന്മാരും ഈ പള്ളിയിലെത്തിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ ഇന്ത്യ സന്ദർശിച്ച പല യാത്രികരും കല്ലൂർക്കാട് സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഇന്നു കാണുന്ന കൽകുരിശുകളിൽ ഏറ്റവും പുരാതനമായ, ഒൻപത് നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് ചമ്പക്കുളം പള്ളിയിലാണുള്ളത്. ഇവിടത്തെ കൊട്ടുപുരയും സാമ്പാർതോണിയും കല്ലൂർക്കാടൻ പറയുമെല്ലാം ചരിത്രത്തിൽ ഇടംപിടിച്ചവയാണ്. 2027ൽ വിശ്വസ പാരമ്പര്യത്തിൽ 16 നൂറ്റാണ്ടുകൾ പൂർത്തിയാക്കുന്നു എന്ന പ്രത്യേകതയും കല്ലൂർക്കാട് പള്ളിക്കു സ്വന്തം.